01:30pm 13 November 2026
NEWS
സാരിയുടുപ്പിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്ന യുവതിയുടെ കഥ
31/08/2025  03:44 PM IST
nila
സാരിയുടുപ്പിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്ന യുവതിയുടെ കഥ

‌വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും നാടാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ് സാരി. നൂറ്റാണ്ടുകളായി ഇന്ത്യൻ പൈതൃകത്തിന്റെ ഭാഗമായ ഒരു പരമ്പരാഗത വസ്ത്രമാണിത്. 

എന്തൊക്കെ വസ്ത്രങ്ങളുണ്ടെങ്കിലും മലയാളി യുവതികൾ സാരി ഞൊറിഞ്ഞുടുത്ത് നിൽക്കുന്നത് കാണാൻ ഒരു ഭം​ഗി തന്നെയാണല്ലേ? 
 കോട്ടൺ ആയാലും സിൽക്ക് ആയാലും, സാരി വെറുമൊരു തുണിക്കഷണം മാത്രമല്ല. മറിച്ച് അത് ഒരു സ്ത്രീയുടെ വ്യക്തിത്വത്തിന്റെയും, ചാരുതയുടെയു പ്രകടനമാണ്. 

എന്നാൽ, പലസ്ത്രീകളും സാരി വേണ്ടെന്ന് വെക്കാൻ കാരണവും ഇതിന്റെ ഞൊറിവുകൾ തന്നെയാണ്. പലപ്പോഴും സാരിയുടെ ഞൊറിവുകൾ കൃത്യമായ അളവിലും അഴകിലും സെറ്റുചെയ്യാൻ പലരും പരാജയപ്പെടും. ചിലർ മറ്റുള്ളവരുടെ സഹായം തേടിയാണ് സാരി ഉടുക്കാറുള്ളത്. എന്നാൽ, മറ്റുചിലർ ആരുടെയും സഹായമില്ലാതെ തന്നെ വളരെ ഭം​ഗിയായി സാരി ഞൊറിഞ്ഞുടുക്കുകയും ചെയ്യും. സാരി എങ്ങനെ ഞൊറിഞ്ഞുടുക്കാം എന്നതല്ല ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. സാരി ഉടുക്കാനറിയാമെങ്കിൽ അത് വലിയൊരു വരുമാന മാർ​ഗമായി മാറും എന്നതാണ്. 

സാരി ഉടുപ്പിച്ച് കൊടുക്കാൻ അറിയാമെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം. കേട്ടപ്പോൾ ചിരു വരുന്നുണ്ടോ?  കേൾക്കുന്നവർക്ക് ഇതൊരു തമാശയായി തോന്നിയേക്കാം എങ്കിലും സം​ഗതി സത്യമാണ്. സാരി ഉടുപ്പിച്ച് കൊടുത്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു വീട്ടമ്മയെ പരിചയപ്പെടാം. ഡോളി ജെയിൻ എന്ന യുവതിയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.

ബെ​ഗംളുരുവാണ് ഡോളിയുടെ സ്വദേശം. യൗവനത്തിന്റെ തുടക്കത്തിൽ തന്നെ ഡോളിക്ക് സാരിയോട് വെറുപ്പായിരുന്നു. അത് ഉടുക്കാനെടുക്കുന്ന സമയം തന്നെയായിരുന്നു ആ വെറുപ്പിന്റെ പ്രധാന കാരണം. ഏതാണ്ട് മുക്കാൽ മണിക്കൂറോളം സമയം വേണമായിരുന്നു. വിവാഹം കഴിയുന്നതോടെ തനിക്ക് ഇഷ്ടമുള്ള കുർത്തയൊക്കെ ധരിക്കാമല്ലോ എന്നായിരുന്നു ഡോളിയുടെ ചിന്ത. എന്നാൽ, ഡോളിയെ വിവാഹം കഴിച്ചയച്ച വീട്ടിൽ സാരി മാത്രമായിരുന്നു സ്ത്രീകൾക്ക് അനുവദിച്ചിരുന്ന വസ്ത്രം. ഡോളിയുടെ അമ്മായിഅമ്മ മറ്റൊരു വസ്ത്രവും ധരിക്കാൻ ആ യുവതിയെ അനുവദിച്ചില്ല. 

അമ്മായിഅമ്മയുടെ പിടിവാശി കാരണം വിവാഹശേഷം സാരിമാത്രം ധരിച്ചിരുന്ന യുവതിയാണ് ഡോളി ജെയിൻ. അങ്ങനെ ഏറ്റവും വെറുപ്പോടെ ആ യുവതി എല്ലാ ദിവസവും സാരിയുടുത്ത് തുടങ്ങി. എന്നാൽ, ക്രമേണ ആ വെറുപ്പ് സാരികളോടുള്ള പ്രണയമായി മാറുകയായിരുന്നു. ആദ്യമൊക്കെ മുക്കാൽ മണിക്കൂറാണ് സാരിയുടുക്കാൻ ഡോളിക്ക് വേണ്ടിയിരുന്നതെങ്കിൽ, പിന്നീട് വെറും സെക്കന്റുകൾ കൊണ്ട് സാരിയുടുക്കാൻ ഡോളി പഠിച്ചു. 

എങ്കിൽ എന്തുകൊണ്ട് വ്യത്യസ്ത സ്​റ്റൈലുകൾ പരീക്ഷിച്ചുകൂടായെന്ന് ഈ യുവതി ചിന്തിച്ചു. അങ്ങനെ പല തരത്തിലുളള സ്​റ്റൈലുകളിൽ യുവതി സാരി ഉടുക്കുകയായിരുന്നു. സുഹൃത്തുക്കൾക്കും യുവതി പല രീതിയിലും സാരി ഉടുപ്പിച്ചുകൊടുക്കുമായിരുന്നു. അധികം വൈകാതെ ഡോളിയെ തേടി വലിയ അവസരങ്ങൾ വന്നെത്തി. പല സ്ഥലങ്ങളിലുളള സ്ത്രീകൾക്കും ബ്യൂട്ടീഷൻമാർക്കും സാരി എങ്ങനെയാണ് ഉടുപ്പിക്കേണ്ടതെന്ന ക്ലാസുകളും യുവതി നൽകുമായിരുന്നു.

വെറും 18 സെക്കന്റുകൾ കൊണ്ട് ഡോളിക്ക് സാരി ഡ്രേപ്പ് ചെയ്യാൻ സാധിക്കും. അതിനോടൊപ്പം 325 ഡ്രേപ്പിംഗ് സ്​റ്റൈലുകൾ ചെയ്യാനും ഈ യുവതിക്കറിയാം. പല സിനിമാതാരങ്ങൾക്കും ഡോളി സാരി ഡ്രേപ്പ് ചെയ്തു കൊടുത്തിട്ടുണ്ട്. ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, സോനം കപൂർ, കത്രീന കെയ്ഫ് എന്നിവരുടെ ഇഷ്ട സ്​റ്റൈലിസ്​റ്റാണ് ഡോളി. ഇപ്പോൾ ജോലി സംബന്ധമായ കാര്യങ്ങൾക്കായി താൻ വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്യാറുണ്ടെന്ന് ഡോളി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പുറത്തുപോയി സാരി ഡ്രേപ്പ് ചെയ്യുന്നതിന് രണ്ട് ലക്ഷം രൂപ വരെ പ്രതിഫലമായി വാങ്ങുമെന്ന് ഡോളി പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img